ഇന്നലെ വിരിഞ്ഞു ഇന്ന് മണ്ണിനെ പുൽകാനൊരുങ്ങും പൂവിനില്ല പരാതി..
ഒരു മാത്ര ഒരു വേളയൊരിടത്ത് ചാഞ്ഞിരുന്നീടുവാനാവാത്ത കാറ്റിനുമില്ല പരാതി..
ആയിരമായിരം കാലടികളെ ശിരസ്സിൽ ചുമന്നീടും ഭൂമിയാം ദേവിക്കുമില്ല പരാതി..
ചിന്തിക്കാനൊരു മനസ്സും സംസാരിക്കാനൊരു നാവും തന്നിട്ടും പരാതി നിനക്കോ മനുഷ്യാ..
ഓർമ്മകൾ സൂക്ഷിക്കാനൊരു തലച്ചോറും സ്നേഹത്തെയറിയാനൊരു ഹൃദയവും തന്നിട്ടും പരാതി നിനക്കോ മനുഷ്യാ..
പകലിനെ കാണാൻ മോഹിച്ച രാവിനോളം വരില്ലേത് കാത്തിരിപ്പുമെന്നറിയുക നീ..
സ്വയം കത്തിയെരിഞ്ഞും വെളിച്ചം വിതറുന്ന സൂര്യനോളം വരില്ലേത് സഹനവുമെന്നോർക്കുക നീ..
മഴയ്ക്ക് മണ്ണിനോടുള്ളതിനേക്കാൾ..
കടലിന് കരയോടുള്ളതിനേക്കാൾ..
വലുതല്ലേത് പ്രണയവുമെന്ന് കാണുക നീ..
ഈ മനോഹര തീരത്തിനിയുമൊരു ജന്മത്തിനായി ദാഹിക്കൂ..
ഈ നിശ്വാസം നിന്റെ രക്തധമനികളെ ഉയിർകൊള്ളിക്കുന്നതിലാനന്ദിക്കൂ ..
-p.k.s.v
©mindroots
No comments:
Post a Comment