അവളൊരു കടലായിരുന്നു..
അക്ഷരങ്ങളാൽ തോരാത്ത മഴ പെയ്യിക്കാനും, ആ മഴയത്ത് ഊഷ്മളമായ ഒരു കുടയാവാനും അവൾക്ക് കഴിഞ്ഞിരുന്നു.. പ്രഭാതത്തിലെ ആദ്യ രശ്മി പോലെ ശാലീനതയാർന്നവൾ..
ഇടവഴിയിലെവിടെയോ വെച്ചൊരു നിമിത്തം പോലെ.. പാതി മുറിഞ്ഞൊരു സ്വപ്നത്തിന്റെ ബാക്കിയെന്ന പോലെ അവളുടെ കഥയിലേക്കവനും വന്നു കയറി..
വിത്തുകൾ കൊണ്ട് വനങ്ങൾ സൃഷ്ടിക്കുന്നവൾക്കവനൊരു വസന്തമായി..
ദിനങ്ങളും രാവുകളും കടന്നു പോയി..
ഒരിക്കലെപ്പോഴോ പഴയ കഥയിലെ നായിക നായികന്മാരായി അവർ തങ്ങളെ വായിച്ചറിഞ്ഞു.. മറന്നു വെച്ചെന്നു തോന്നിപ്പിച്ചുവെങ്കിലും വേരറ്റ് പോകുവാനാഗ്രഹിക്കാത്ത ഒരു താമരപ്പൂവ് ഇപ്പോഴും ഉള്ളിൽ പൂത്തു നിൽപ്പുണ്ടെന്നതവരറിഞ്ഞു.
വീടുവിക്കാൻ പാട് പെടുന്നൊരട്ടയെ പോലെ നോവിച്ചിരുന്ന, ഉറങ്ങാൻ അനുവദിക്കാതിരുന്ന ഒരു ബാല്യ കാല ഓർമയിൽ അവർ തമ്മിൽ വീണ്ടും കണ്ടുമുട്ടി.
പ്രണയം പലപ്പോഴും അങ്ങനെയാണ്..
അനിർവചനീയമായ ലഹരി നുകരുന്ന വീഞ്ഞെന്നതിനെ കവികൾ പാടിയത് വെറുതേയല്ല.
മധുവന്തിയുടെയും വൃന്ദാവന സാരംഗിയുടെയും ഈണങ്ങളിൽ, കന്യാകുമാരിയുടെ അലകളിൽ വിരിഞ്ഞ ഒരു ചുവന്ന താമരപ്പൂവ്..ചെവി ചേർത്ത് വെച്ചാൽ കടലിന്റെ,അവളുടെ കഥ പറയുന്ന ശംഖൊലി.
കേട്ട് മതിവരാത്തൊരു കരയായി അവനും.
എത്ര തിരയടിച്ചാലും മാഞ്ഞു പോകാത്തൊരു കവിത പോലെ, ഒഴുകിയകലാനാവാതെ അവരിപ്പോഴും എന്നിൽ തങ്ങി നിൽപ്പുണ്ട്..ചെമ്പകം പൂത്തു നിൽക്കുന്ന സുഗന്ധവുമായി.. ഒരിക്കലും മറക്കാത്ത മരിക്കാത്ത പ്രണയകാവ്യം..
മേഘമൽഹാർ..🌿
©p.k.s.v
No comments:
Post a Comment