ഇടതൂർന്നു വളർന്ന കണ്ടൽകാട്ടിലേയ്ക്ക് തുറന്നിട്ട ജനലഴികളിലൂടെയാണ് അവളെ ഞാൻ ആദ്യമായി കണ്ടത്.. പാലയുടെ ഗന്ധം കൊണ്ട് ഉന്മത്തമായ പൂനിലാവിൽ കുളിച്ചു നിന്നൊരു രാത്രിയിൽ..
അവൾ വന്നു.. കറുത്ത് മെലിഞ്ഞൊരു സുന്ദരി, അവൾക്ക് പ്രകൃതിയുടെ ഗന്ധമായിരുന്നു.. ആരേയും മയക്കുന്ന ഒരു മാദക ഗാനം അവളുടെ ചുണ്ടുകളിൽ നിന്നും ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു . കാറ്റിനെ പോലും കോൾമയിർ കൊള്ളിക്കുന്ന വശ്യമായ സംഗീതം.. ആ ഗാനത്തിലലിഞ്ഞു ഞാൻ പതിയെ എന്റെ കണ്ണുകളടച്ചു.. സ്വപ്നത്തിൽ അവൾക്ക് വെള്ളി ചിറകുകൾ വരുന്നതായും, കാലുകൾ നിലത്തുറയ്ക്കാതെയവളൊരു രക്‌തദാഹിയായി രൂപാന്തരപ്പെടുന്നതും,ഒരു കറുത്ത ദംഷ്ട്രയെന്റെ കഴുത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതും കണ്ട് ഞാൻ ഉറങ്ങി.. ഉണർന്നപ്പോളവളൊരു കുഞ്ഞു ചിത്രം പോലെ തലയിണയ്ക്ക് കീഴെ പതിഞ്ഞുറങ്ങുന്നു.. ഉണരാനാവാതെ...
കറുത്ത് മെലിഞ്ഞൊരു സുന്ദരി.
ഒരു കൊമ്പിനാൽ എന്നിലേയ്‌ക്കാഴ്ന്നിറങ്ങിയ രക്‌തദാഹി..
കാടിന്റെ ഗാനവുമായി എനിക്ക് താരാട്ടായി വന്ന യക്ഷി..
ഇനിയും ആ കറുത്ത രാത്രികളിലൊന്നിൽ അവളെത്തുന്നതും കാത്തിരിക്ക്യയാണ് ഞാൻ .. നിശയുടെ മൂളലിനായി കാതോർക്കയാണ് ഞാൻ.
©p.k.s.v
No comments:
Post a Comment